Saturday 23 June 2012

ഒരു ചുവന്ന സ്വപ്ന നൂല്

രാത്രിയും പകലും പരസ്പരം
തിരിക്കുന്ന ചക്രങ്ങള്‍ പോലെ
ഒന്ന് മറ്റൊന്നിനെ തിരിച്ചു സ്വന്തം
മുഖം പ്രദര്‍ശിപ്പിക്കുന്നു
ഒന്ന് മറ്റൊന്നിനെ കൊന്നു തോറ്റു
ഉയര്‍ത്തെണീക്കണ പോലെ
രാത്രിയെ കൊന്നു പകലും 
പകലിനെ കൊന്നു രാത്രിയും
നിനക്ക് വേണ്ടി മത്സരിക്കുന്നു.
കിതപ്പകറ്റാന്‍ നേരം കിട്ടാതെ 
ഇവര്‍ക്കൊപ്പം ഞാനും 
നിനക്ക് വേണ്ടി ഓടി തളരുന്നു.
നിനക്ക് ഉറങ്ങാന്‍, സ്വപ്നങ്ങള്‍ തരാന്‍ 
രാത്രിക്ക് ജീവന്‍ വക്കുമ്പോള്‍ 
നീ അറിയുന്നുണ്ടാവുമോ 
മറ്റെവിടെയോ പകലിനു വഴിമാറാന്‍ 
ഒരു രാത്രി പിടഞ്ഞു തീരുകയാണെന്ന്.

ഏതോ സ്വപ്നത്തിന്റെ ചുണ്ടില്‍ വിടരുന്ന 
ചെറു പുഞ്ചിരി, പകല് വന്നു 
തൊട്ടുവിളിക്കുന്നതറിയാതെ
രാത്രി മാഞ്ഞു പോകുന്നതറിയാതെ, 
ഇപ്പോഴും ആ ചുണ്ടില്‍ നിലാവ് 
പടര്‍ത്തികൊണ്ടേയിരിക്കുന്നു.
ഇവിടെ ഞാനും നീയും 
ഭൂഗോളത്തിന്റെ ഇരു പുറങ്ങളില്‍ നിന്ന് 
പരസ്പരം കാണാനാവാതെ
രാത്രിയുടെ ഇരുള്‍ വീണ കണ്ണിലൂടെ 
നിന്നെ ഞാനും പകലിന്റെ വെളിച്ചത്തിലൂടെ
എന്നെ നീയും തിരയുമ്പോള്‍
നീ അറിയുന്നുണ്ടാവുമോ, 
നിന്നെ എന്നില്‍ നിന്നും പറിച്ചെറിയാന്‍ 
എന്നെ അനുവദിക്കാത്ത നിന്‍റെ സ്വപ്നങ്ങളിലേക്കാണ്
ഞാന്‍ എന്‍റെ നിദ്രയുടെ തേരോടിക്കുന്നത് എന്ന്..?
അത് കൊണ്ട് തന്നെ ഇവിടെ എന്‍റെ പ്രിയ സ്നേഹിതരോട് 
എനിക്ക് യാത്ര പറയേണ്ടി വരുന്നു

അതെ നിങ്ങള്‍ എല്ലാവരും എന്നോട് ക്ഷമികുക, 
ഞാന്‍ നിങ്ങളോട് അവധി പറയുകയാണ്‌.... 
"നാളെ പുലരും വരേയ്ക്കും "
ഈ രാത്രി ( ഒരു പക്ഷെ ഒരു രാത്രികളും ) 
നിങ്ങള്‍ക്കരികില്‍ നിങ്ങള്‍ക്കൊപ്പം ചില്ലവഴികാന്‍ 
എനിക്കാവില്ല
എന്‍റെ കണ്ണിലെ സ്വപ്‌നങ്ങള്‍ പകര്‍ന്നെടുക്കാന്‍ 
അവളൊരു നക്ഷത്രത്തിന്റെ നീലിമ അണിയുമ്പോള്‍ 
എനിക്കെങ്ങനെ നിങ്ങള്‍ക്കൊപ്പം ഇരിക്കാനാവും
നാളെ പകലില്‍ നിങ്ങള്‍ക്കരികിലേക്ക് തിരികെ വരാം
എന്ന് പറഞ്ഞു ഞാന്‍ വിട വാങ്ങുമ്പോള്‍ 
ഒന്ന് കൂടി പറയട്ടെ; 
നാളെ പകല്‍ വന്നു വിളിക്കുമ്പോള്‍ 
ഞാന്‍ ഉണര്‍ന്നു നിങ്ങള്‍ക്കരികിലേക്ക് 
തിരികെ എത്തുന്നില്ലെങ്കില്‍ 
നിങ്ങള്‍ എന്നെ തേടി വരണം
ഒപ്പം എനിക്ക് സമ്മാനികുവാന്‍ 
മറക്കാതെ കൊണ്ട് വരണം;
"കൈ നിറയെ ഏറ്റവും അവസാനം വിരിഞ്ഞ, 
മഞ്ഞു തുള്ളി മാഞ്ഞു പോകാത്ത,
ഒരു പിടി ചുവന്ന പനിനീര്‍ പൂവുകള്‍" .

എനിക്കരികിലേക്ക് നിങ്ങള്‍ എത്തുമ്പോള്‍ 
സ്വപ്നം ചുണ്ടില്‍ തെളിയിച്ച ചിരി 
നിങ്ങള്‍ക്ക് ബാക്കിയാക്കി,
ചിരിച്ചു കൊണ്ട് മരിച്ചു കിടക്കുന്നതെങ്ങനെ 
എന്ന് കാണിച്ചു നിങ്ങളെ അതിശയിപ്പിച്ചു,
കൈ ചുരുട്ടി പിടിച്ചു ഇങ്ക്വിലാബ് 
വിളിച്ചു കൊണ്ട് പിറന്നു വീണ ഞാന്‍
തിരികെ പോകുമ്പോഴും കൈ ചുരുട്ടി പിടിച്ചു 
ഒരു സഖാവായി തന്നെ, ഇനി ഒരു പകലിനും 
ഒരു രാത്രിക്കും വേണ്ടി എന്നെ പകുത്തുവക്കാതെ
അവള്‍ക്കരികിലേക്ക് പോയി കഴിഞ്ഞിട്ടുണ്ടാവും.
ഒരു കാര്യം നിങ്ങളാരും മറക്കരുത്;
"അഗ്നികൈകള്‍ എന്നെ മൂടുംപോഴും
 ഒരു ചെമ്പട്ട് എന്നെ പുതഞ്ഞിട്ടുണ്ടാവണം..."

എത്തി ചേരുന്ന പുതിയ ലോകത്തില്‍ 
എനിക്കും അവള്‍ക്കും ചേര്‍ന്ന് 
സഖാക്കളുടെ മാത്രം ഒരു തലമുറയെ സൃഷ്ടിക്കണം.
എന്നെ ചുറ്റിയ ചെമ്പട്ടിന്‍റെ നൂലുകള്‍ കീറി, 
ചുവപ്പ് കൊടികളാക്കി അവിടെ ഞങ്ങള്‍ തീര്‍ക്കും 
ഒരു സമത്വ സുന്ദര ദേശം...
വേണമെങ്കില്‍ അതിനെ നിങ്ങള്‍
സ്വര്‍ഗമെന്നു  വിളിച്ചോളൂ. 
ലാല്‍ സലാം..... ലാല്‍ സലാം....!!!!

Saturday 16 June 2012

ആധ്യാത്മ ഡിങ്കായനം


കാലം നിനക്കൊരു കെണിയൊരുക്കും വിധി എന്നോട് പറഞ്ഞു.
പണ്ടേ അനുസരണയില്ലാത്ത ഞാന്‍ ചെവിക്കൊണ്ടില്ല അത്.
നിന്നെ വാ പിളര്‍ത്തി വിഴുങ്ങും ഒരു കാല സര്‍പം -
ജന്മത്തിന് സാക്ഷിയായ നക്ഷത്രങ്ങള്‍ എന്നോട് പറഞ്ഞു.
എന്നേക്കാള്‍ വളര്‍ന്നു വലുതായ എന്‍റെ അഹങ്കാരം
അതിനെ പുച്ഛിച്ചു ചിരിച്ചു 
നിന്‍റെ കൈകള്‍ കൊണ്ട് നീ പൂമാല ചാര്‍ത്തും, 
പകരം നിനക്ക് കിട്ടുമൊരു കനല്‍മാല 
പൂമാല കൊടുത്തു കനല്‍മാല വാങ്ങരുതെന്ന് 
പത്തുമാസം ചുമന്ന അമ്മ പറഞ്ഞു 
പേറ്റുനോവിന്റെ കണക്കെഴുത്തെന്നു കളിയാക്കി
ഞാന്‍ കനല്‍ മുത്ത്‌ കോര്‍ത്ത ആ മാല ചൂടി.
നിന്‍റെ ചുവടു പിഴച്ചെന്നു ആയിരം വട്ടം പറഞ്ഞു 
സ്വയം കരഞ്ഞെന്റെ മനസും 
അത് കേട്ട് ദിക്കെട്ടിലും ആര്‍ത്തട്ടഹസിച്ചു ചിലച്ചു ഗൌളിയും.
ദൃഷ്ടാന്തം തെളിയും പച്ചമാവെരിയിച്ചു, 
അമ്മ കരയും അച്ഛന്‍ പാതി മരിക്കും
കല്ല്‌ വേവിച്ചാക്കിയ കാളകൂടം കഴുത്തില്‍ തടകെട്ടി, 
ഒരു കയ്യെന്റെ അകവാതിലടച്ചു
മറുകൈ പുറവാതിലും, 
ഞാനുമങ്ങനെ വിധിയാലൊരു കാള കൂടമായി 
എന്‍റെ നേരുവിട്ടൊരു കളിയറിയാത്ത ഞാന്‍ 
കാലെടുത്തു വച്ചു കെണിക്കുരുക്കില്‍ 
കാലമൊരു കെണിയായി, ഞാനൊരു മണ്ടനെലിയും.
നിര്‍ത്താതെ തുടരുന്നു ഞങ്ങളിരുവരും
ഈ മൂഷിക മാര്‍ജാര വിപ്ലവമിന്നും