Saturday 21 March 2015

നിഴലാട്ടങ്ങള്‍

നീലചിത്രങ്ങളുടെ നഗരത്തിലൂടൊരു
നിശബ്ദസഞ്ചാരി പോകുന്നപോലെയാണ്
ലേബര്‍ക്യാമ്പുകള്‍ക്കിടയിലൂടെ
ആഴ്ചാവസാനങ്ങളില്‍
ഒറ്റക്കിങ്ങനെ നടക്കുമ്പോള്‍....
പാതി മറച്ച ജനാല ചില്ലയില്‍പ്രതിഫലിക്കുന്ന
ടെലിവിഷനിലെ തിളക്കങ്ങള്‍,
ബങ്കര്‍ ബെഡ്കളുടെ ഞരക്കങ്ങള്‍..
ടി വി കാഴ്ചകളുടെ വര്‍ണനകള്‍
വിശകലനങ്ങള്‍, ഭാവനകള്‍ എല്ലാം
ഒരു നെടുവീര്‍പ്പിലെക്കൊതുക്കി
ഓവര്‍ടൈം ചെയ്തു കിട്ടിയ ഇത്തിരി
കാശുകൊണ്ട് ആഴ്ചാവസാനത്തിലേക്ക്
സ്വരുകൂട്ടി വച്ച ഒരു ഹാലാ കാര്‍ഡ്‌
അത് തീരും വരേം ഫോണിന്‍റെ
അങ്ങേ തലക്കലേക്ക് ഉമ്മകളുടെ
ഇലക്ട്രോണ്‍ പ്രവാഹം....
ഒടുവിലൊരു ന്യൂക്ലിയര്‍ഫിഷന്‍റെ
വഴുക്കലില്‍തെന്നി ഉറക്കത്തിലേക്കും

ഹാലാ കാര്‍ഡ്‌ ആഡംബരമാകുമെന്നു
ഭയക്കുന്നവന്‍റെ ഉമ്മകള്‍ എന്നും
മുറിഞ്ഞു മുറിഞ്ഞാണ് ഒഴുകുന്നത്
നെറ്റ് കാളിംഗ് വഴി ഉമ്മയൊന്നു
അവിടെ എത്തുമ്പോഴേക്കും അവള്‍
മടുത്തു ഉറക്കം പിടിച്ചിട്ടുമുണ്ടാകും
ഇനിയും എത്രയോ ഉമ്മകള്‍
വഴിക്ക് വച്ച് കൂട്ടി മുട്ടി
തകര്‍ന്നു പോയിട്ടുണ്ടാവും
ഇരുവര്‍ക്കും കിട്ടിയെന്നു ഇരുവരും
ആശ്വസിച്ച ഉമ്മകള്‍
ഒരു ചെറിയ മുറിക്കുള്ളില്‍
കൂനകൂടിയ ജീവിതങ്ങളുടെ
കണ്ണുകളില്‍ മിന്നിതിളങ്ങുന്ന
സ്വപ്നങ്ങള്‍ക്കും നീലവെട്ടം
സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളായി
പൂക്കുന്നപോലെ നീലിച്ച് മിന്നുന്നു

ഇതിനിടയില്‍ കിനാവുകളുടെ
ബുര്‍ജ്‌ ഖലീഫമുകളില്‍ നിന്നും
താഴേക്ക്‌ വീണവന്‍
പെസഹ വ്യാഴത്തിലെ തിരുവത്താഴവും
കഴിഞ്ഞു ഒരു ബോട്ടില്‍ ലൂമയോ
ബ്ലൂ മൂണോ സേവിച്ചു കരളുരുക്കി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
ഇനിയുമൊരുത്തന്‍ നാളെയെ
ദുഖവെള്ളിയാക്കാന്‍ പാതിരാ
നിലാവിനെ മാത്രം സാക്ഷിയാക്കി
വാട്ടര്‍ടാങ്കിന്‍റെ ഉന്നതിയില്‍ നിന്നും
ഇന്‍റര്‍ലോക്ക് ടെയില്‍ പാകിയ
തറയിലേക്ക് കുതിച്ചു ചാടി
അന്ത്യ ചുംബനം ഭൂമിക്ക് നല്‍കി
ചോരപൂക്കള്‍ പുതച്ചു കിടക്കുമ്പോള്‍
സുഡാനി പി ആര്‍ഓ 999 എന്ന
അക്കങ്ങളില്‍ വിരല്‍ കുത്തുകയാവും
കുറച്ചകലെയൊരു ശവപ്പെട്ടി ആദ്യമായി
വിമാനയാത്രക്കൊരുങ്ങുന്നതിന്‍റെ
ത്രില്ലില്‍ ആണ്...
**************************************************************************

Ref: 
ഹാലാ കാര്‍ഡ്‌ -  പ്രീ പെയ്ഡ്‌ മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ 
ലൂമ & ബ്ലൂ മൂണ്‍ -  ക്ലീനിംഗ് ലോഷന്‍സ്‌ 
999 - പോലീസ്‌, ആംബുലന്‍സ്‌ എമെര്‍ജെന്‍സി നമ്പരുകള്‍ 

2 comments: