Sunday 22 March 2015

ഉത്തരമില്ലാത്ത ചില ഉത്തരാധുനികങ്ങള്‍

ആഴ്ചാവസാനത്തിന്‍റെ
ആഹ്ലാദതിമിര്‍പ്പില്‍
എടുത്തു ചാടിയത്
സൈബര്‍ബുദ്ധികള്‍
വേവിച്ചു വച്ച
കവിത ചെമ്പിലേക്ക് 
പുഴുങ്ങി വച്ച കവിതകള്‍
ആര്‍ത്തിയോടെ
നാലഞ്ചകത്താക്കി,
ചിലത് കല്ലുപോലെ കടുപ്പം,
കടിച്ചു പല്ല് പലതുപോയി
ചിലതൊരുവിധം ചവച്ചും
പാതി വിഴുങ്ങിയും
ഉദരസമക്ഷമെത്തി;
ഹാ.! എന്താശ്വാസം

മറ്റു ചിലത് കുടുങ്ങീ
തൊണ്ടയില്‍, ശ്വാസതടസ്സം
കണ്ണുന്തിച്ചൂ, കാലപാശം
കഴുത്ത് തഴുകിയ പോലെ.
ഓര്‍മയില്‍ മിന്നിമാഞ്ഞു
നാളെത്തെ ദിനപത്രം, ചരമകോളം,
ഒരൊറ്റവരിവാര്‍ത്ത.
"തൊണ്ടയില്‍ കവിത കുടുങ്ങി
യൊരു പ്രവാസി മരണപ്പെട്ടു"
മൃത്യുവോ അപമൃത്യുവോ
ചര്‍ച്ചിക്കും മാലോകലേറെ

ഭാഗ്യം; മരിച്ചില്ല ഞാന്‍,
എങ്കിലും അജീര്‍ണം,
ഉദരവീക്കം, നെഞ്ചെരിക്കല്‍
പുളിച്ചു തികട്ടല്‍ ഇത്യാദി
വിക്രിയകള്‍ തകര്‍ത്താടി,
ഒപ്പം മസ്തിഷ്കപ്രകമ്പനങ്ങളും
ഒരുകുപ്പി ത്രിഗുണന്‍
മായമേതുമില്ലാതകത്താക്കി
മലര്‍ന്നുത്തരം നോക്കി കിടന്നു
എങ്കിമെന്‍റെ ഉത്തരാധുനികതേ
തൂങ്ങി ചാകാന്‍ മേല്‍ക്കൂരയില്‍
ഉത്തരമൊന്നില്ലാതായി പോയി
മനസ്സില്‍ തീയിട്ടു ദഹിപ്പിച്ചു
പൊടിപിടിച്ച, ജീര്‍ണ്ണിച്ചൊരു
ശബ്ദതാരാവലിയും, പിന്നെ
ചില അറിവിന്‍റെ ഓര്‍മകളെയും
ചിതക്ക് കൂട്ടിരുന്നു ചിന്തയില്‍
അക്ഷരം അറിവായ് പകര്‍ത്തിയോര്‍
വേച്ചുപോയ കാലുമായ്
തിരികെ നടക്കട്ടെ ഞാനവര്‍
തുറന്നിട്ട വഴികളിലൂടെ..

4 comments:

  1. ഹഹഹ......... ഉലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിക്കാല്ലോ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വരകളും വര്‍ണങ്ങളും ഇപ്പോഴും അപൂര്‍ണമാണല്ലോ....

    ReplyDelete
  4. മഴ പെയ്തു....
    കാട് കേട്ടു...
    കാട് പൂത്തു...
    കായ് പിടിച്ചു....
    കായ് പഴുത്തു...
    കായ് കഴിച്ചു
    ശക്തിമാനായി....

    ഇതിന്റെ ബാക്കി ഇതുവരെ എഴുതി കഴിഞ്ഞില്ലേ?

    ReplyDelete